Sunday, November 9, 2014

സ്പൈസി ബീഫ് കറി




ചേരുവകൾ:

ബീഫ് - ഒരു കിലോ (ഇടത്തരം കഷ്ണങ്ങൾ ആക്കി മുറിച്ചത് )
സവാള കനം കുറച്ചരിഞ്ഞത് - 4 എണ്ണം
തക്കാളി അരിഞ്ഞത് - 4 എണ്ണം
പച്ചമുളക് നെടുകെ കീറിയത് - 6 എണ്ണം
കറുവ പട്ട - 3 ചെറിയ കഷ്ണങ്ങൾ
ഗ്രാമ്പു - 8 എണ്ണം
ഏലക്ക - 6 എണ്ണം
തക്കോലം - 2 എണ്ണം
കുരുമുളക് - 15-20 എണ്ണം
പെരുംജീരകം - ഒരു ടേബിൾ സ്പൂണ്‍
ഇഞ്ചി - രണ്ടിഞ്ചു വലുപ്പത്തിൽ ഉള്ള കഷ്ണം തൊലി കളഞ്ഞു ചതച്ചത്.
വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ചത് 10 അല്ലി
കറിവേപ്പില - രണ്ടു തണ്ട്
കറുവ ഇല (bay leaf ) - ഒരെണ്ണം
മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
വിനാഗിരി - 1 ടേബിൾ സ്പൂണ്‍
തേങ്ങ കൊത്തു - 2 ടേബിൾ സ്പൂണ്‍
എണ്ണ - ആവശ്യത്തിന്നു
വെള്ളം - ആവശ്യത്തിനു

ചെയ്യേണ്ട വിധം:

ഒരു പാൻ ചൂടാക്കി കറുവ പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, കുരുമുളക്, പെരുംജീരകം എന്നിവ എണ്ണ ഒഴിക്കാതെ റോസ്റ്റ് ചെയ്തു പൊടിച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു വെളുത്തുള്ളി, സവാള, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക, സവാള നിറം മാറി വരുമ്പോൾ അതിലേക്കു ഇഞ്ചി ചേർത്ത് വഴറ്റുക.

ഇനി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് മസാലകളുടെ പച്ച മണം പോകുന്നവരെ വഴറ്റുക. അതിലേക്കു അല്പ്പം വെള്ളം ഒഴിച്ച് 2-3 മിനിട്ട് വേവിക്കുക. ഇതിലേക്ക് തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക

ഇനി ബീഫ് കഷണങ്ങൾ ഇട്ടു, ആവശ്യത്തിനു ഉപ്പു ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇവയെല്ലാം ഒരു പ്രഷർ കുക്കറിലേക്ക്‌ മാറ്റി, ഒരു ടേബിൾ സ്പൂണ്‍ വിനാഗിരിയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് അടച്ചു വെച്ചു 10-15 മിനിട്ട് (അല്ലെങ്കിൽ ബീഫ് വേവുന്ന വരെ) വേവിക്കുക. ഇനി മൂടി തുറന്നു ചാറ് കുറുകുന്നത് വരെ തിളപ്പിക്കുക. 

ഇനി ഇതെലേക്ക് പൊടിച്ച മസാല ചേർക്കുക. തീ കുറച്ചു വെച്ച് ചാറ് നിങ്ങളുടെ ആവശ്യാനുസരണം കുറുകുന്നത് വരെ തിളപ്പിക്കുക. (നിങ്ങൾക്ക്‌ ഗ്രേവി കൂടുതൽ വേണമെങ്കിൽ അധിക നേരം തിളപ്പിച്ചു ഗ്രേവി വറ്റിച്ചു എടുക്കേണ്ട ആവശ്യം ഇല്ല)

അവസാനമായി ഒരു പാനിൽ അൽപ്പം എണ്ണ ചൂടാക്കി അതിലേക്കു തേങ്ങ കൊത്തു ചേർത്ത് മൂപ്പിച്ചു ബീഫ് കറിയിലേക്ക് ചേർക്കുക.(നിങ്ങൾക്ക്‌ വേണമെങ്കിൽ തേങ്ങ കൊത്തു ബീഫിനോടൊപ്പം ചേർത്ത് കുക്കറിൽ വേവിച്ചു എടുക്കാവുന്നതാണ് )

ബീഫ് വിന്ദാലു





BEEF VINDALOO (ബീഫ് വിന്ദാലു): 
~~~~~~~~~~~~~~~~~~~~~~~~~

അരക്കിലോ ബീഫ് കൊണ്ട് വിന്ദാലു ഉണ്ടാക്കാൻ ആവശ്യമായത്: 

അരപ്പിനു: 
മുളകുപൊടി - 3 സ്പൂണ്‍ ( എന്റെ വലിയമ്മ ഉണക്കമുളക് വിനാഗിരിയിൽ കുതിർത്തു വെച്ചു പിറ്റേ ദിവസ്സം കുതിർത്ത വിനാഗിരിയിൽ തന്നെ വെള്ളം ചേർക്കാതെ അരച്ചെടുക്കുമായിരുന്നു) 
ജീരകം - 1 1/2 സ്പൂണ്‍ 
പെരുംജീരകം, ഉലുവ, കടുക് - ഓരോ സ്പൂണ്‍ വീതം 
ഗരം മസാല - ഒരു സ്പൂണ്‍ 
കുരുമുളക് അര സ്പൂണ്‍ 
പട്ട - 2 കഷ്ണം 
കറയാമ്പു - 6 no.s
ഏലക്കായ - 4-5 
മഞ്ഞൾ പൊടി - 1/4 സ്പൂണ്‍ 

മുകളിൽ പറഞ്ഞ മസാലക്കൂട്ടുകൾ ഒരു ചട്ടിയിൽ ചെറുതായി ചൂടാക്കി എടുക്കുക. എന്നിട്ടു അധികം വെള്ളം ചേർക്കാതെ നല്ലപോലെ അരച്ചെടുക്കുക. 
ഈ അരപ്പും വിനാഗിരിയും ഉപ്പും ഒരു ചെറിയ സ്പൂണ്‍ എണ്ണയും ഇറച്ചി കഷ്ണങ്ങളിൽ പിരട്ടി വെയ്ക്കുക. 2 മണിക്കൂറെങ്കിലും വെയ്ക്കുക. 
വിനാഗിരി - 75 ml ( white vinegar) - [Local coconut vinegar is stronger & pungent- reduce the quantity for this type]

വേവിക്കുന്ന നേരത്ത്: 
രണ്ടു ചെറിയ ഉള്ളി, കുറച്ചു വെളുത്തുള്ളി, ഇഞ്ചി ഇവ ചതച്ചു ചേർത്ത് ഇളക്കുക. 
ഇറച്ചി വേകാൻ ആവശ്യത്തിനു വെള്ളം ചേർത്ത് ചട്ടിയിൽ അടുപ്പത്ത് വേവാൻ വെയ്ക്കുക. ഇടയ്ക്ക് വെച്ച് ആവശ്യം അനുസ്സരിച്ച് ഉപ്പും വിനാഗിരിയും ചേർക്കുക. വെള്ളം വറ്റി കറി വരണ്ടു വരുമ്പോൾ കുറച്ചും കൂടി എണ്ണയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. 
നല്ലത് പോലെ മസാല പെരണ്ട് ചുവന്ന നിറത്തിലുള്ള കറി ആണിത്‌

ബീഫ് ലിവർ ഫ്രൈ




ബീഫിന്റെ ലിവർ പ്രോട്ടീനും വിറ്റാമിനുകളും നിറഞ്ഞതാണ്‌, ഏതു മംസാഹാരം പോലെയും ഇതും മിതമായി കഴിക്കണം എന്ന് മാത്രം. രക്തക്കുറവ് മൂലം വിളർച്ചയുള്ളവർക്ക് പറ്റിയ ഒരു ഫ്രൈ ആണിത്. ബീഫിന്റെ ലിവർ ഫ്രൈ ചെയ്തും പാൽ കറി ആയും വെയ്ക്കാറുണ്ട്‌. ഫ്രൈ ആണ് പൊതുവെ ഇത് കഴിക്കുന്നവർക്ക്‌ താല്പര്യം. 

അറിഞ്ഞിരിക്കാൻ വേണ്ടി:

1. ലിവർ കഷ്ണം പാചകം ചെയ്യുന്നതിന് മുൻപ് മഞ്ഞൾ വെള്ളത്തിലോ വിനാഗിരി ചേർത്ത വെള്ളത്തിലോ കുറച്ചു സമയം മുക്കി വെച്ചിട്ട് കറി വെയ്ക്കുക.
2. ചെറിയ കഷ്ണങ്ങൾ ആയി നുറുക്കിയാൽ പെട്ടെന്ന് വേവുകയും മസാല പിടിക്കുകയും ചെയ്യും.

ലിവർ ഫ്രൈ ഉണ്ടാക്കാൻ ആവശ്യമായവ:

ബീഫ് ലിവർ- അര കിലോ
ഉള്ളി അരിഞ്ഞത് - 4-5 ചെറിയ ഉള്ളി (1 സവാള)
ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഓരോ tbsp വീതം
പച്ചമുളക്, കറിവേപ്പില
കുരുമുളക് പൊടി - 1 or 1.5 tbsp (എരിവിനു അനുസ്സരിച്ച്)
മഞ്ഞൾ പൊടി - 1/4 tsp
ഇറച്ചി മസാല - 1/2 tsp
ഉപ്പു, എണ്ണ
[മുളക് പൊടി ഇഷ്ടം ഉണ്ടെങ്കിൽ അതും കൂടി കാൽ സ്പൂണ്‍ ചേർക്കുക, അപ്പോൾ കുരുമുളക് പൊടിയുടെ അളവ് കുറയ്ക്കാൻ മറക്കരുത് (ഇത് ലിവർ പെപ്പർ ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത്]

ഉണ്ടാക്കുന്ന വിധം:

ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മസാല കൂട്ട് ലേശം വെള്ളത്തിൽ കലക്കി ചേർത്ത് വഴന്നു വരുമ്പോൾ പച്ചമുളകും അരിഞ്ഞു വെച്ചിരിക്കുന്ന ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക.
ഇതിലേയ്ക്ക് കുറച്ചു വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് അര മണിക്കൂറിൽ താഴെ വേവിക്കുക, അധികം വേവിച്ചാൽ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും.
കറി വെള്ളം വറ്റി വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പിലയും 3-4 കുരുമുളക് ചതച്ചതും ചേർത്ത് ചൂടോടെ വിളമ്പുക.

ചൂട് ചോറ്, മോര്, തോരൻ , ലിവർ ഫ്രൈ, അച്ചാർ !!

ബീഫ് റോസ്റ്റ് (ഇന്ത്യൻ സ്റ്റൈൽ)





ആവശ്യം വേണ്ടവ 

ബീഫ് - 500 ഗ്രാം അല്പം കനം കുറഞ്ഞ വലിയ ചതുര കഷണങ്ങളായി മുറിച്ചു ഒന്ന് ചെറുതായി ചതച്ചത് (ഇതിനെ bruised beef എന്ന് ഡാഡി വിളിക്കും. അമ്മി കല്ലിൽ വെച്ചോ കട്ടിംഗ് ബോർഡിൽ വെച്ച് ചുറ്റിക കൊണ്ട് ഇടിച്ചോ ഒക്കെ ചതച്ചോ )

1/2 ടേബിൾ സ്പൂണ്‍ കുരുമുളക് പൊടി ( തരുതരുപ്പായി പൊടിച്ചത്) + 1 ടി സ്പൂണ്‍ ഉപ്പു (ആവശ്യത്തിനു) ചേർത്ത് ബീഫ് തിരുമ്മി പിടിപ്പിച്ചു 20 മിനിറ്റ് മാറ്റി വെക്കുക്ക. ശേഷം 2 ടേബിൾ സ്പൂണ്‍ എണ്ണ ഒരു പാനിൽ ഒഴിച്ച് രണ്ടു വശവും ഗോള്ടെൻ ബ്രൌണ്‍ നിറത്തില വറുത്തെടുക്കുക.

അതെ പാനിൽ താഴെ പറയുന്നവ ഗോള്ടെൻ ബ്രൌണ്‍ നിറത്തിൽ വഴറ്റുക. ആവശ്യമെങ്കിൽ അല്പം എണ്ണ ഒഴിക്കാവുന്നതാണ് (1 ടേബിൾ സ്പൂണ്‍ കൂടി)

1. സവാള - 2 എണ്ണം കൊത്തി അരിഞ്ഞത് 
2. പച്ചമുളക് - 6 എണ്ണം ചെറുതായി അരിഞ്ഞത് 
3. ഇഞ്ചി - 2 ഇഞ്ച്‌ കഷണം ചെറുതായി അരിഞ്ഞത് 
4 വെളുത്തുള്ളി - 6-8 അല്ലി ചെറുതായിഅരിഞ്ഞത് 


ഇനി ഇതിലേക്ക് വറുത്തു വെച്ച ബീഫും 2 കപ്പ്‌ തിളച്ചവെള്ളവും ചേർത്ത് തിള വരുമ്പോൾ പാത്രം മൂടി കൊണ്ട് അടച്ചു വേകിക്കുക. ഇറച്ചി വെന്തോ എന്ന് ഫോർക്ക് കൊണ്ട് കുത്തി നോക്കുക. (അല്ലെങ്കിൽ കത്തിയുടെ അറ്റം കൊണ്ട്). 

വേവ് ബാക്കിയുണ്ടെങ്കിൽ അല്പം കൂടി തിളച്ച വെള്ളം ചേർത്ത് വീണ്ടും വേകിക്കുക.

ഇറച്ചി വെന്താൽ മറ്റു ചേരുവകള വെന്തു അലിഞ്ഞു ഇറച്ചി കഷണങ്ങളിൽ പുരളുന്ന വരെ വെള്ളം തോർത്തുക. ശേഷം 2 ടേബിൾ സ്പൂണ്‍ വിനിഗർ ചേർത്ത് ഇളക്കി 3 മിനിറ്റ് തിരിച്ചും മറിച്ചും ഇളക്കി ചേർത്ത് വാങ്ങുക.

2 ഉരുളകിഴങ്ങു വട്ടത്തിൽ മുറിച്ചു ഒരു പാനിൽ 1 ടേബിൾ സ്പൂണ്‍ ബട്ടർ ഇട്ടു മൊരിച്ച് 1/ 2 ടി സ്പൂണ്‍ കുരുമുളക് പൊടി തൂവി വെകിച്ചു ബീഫിനു മേൽ ഇട്ടു അലങ്കരിക്കുക 

ശ്രദ്ധിക്കുക 

പച്ചമുളക് ചേർക്കുമ്പോ എരി കൂടിയ മുളകാണേൽ പണി കിട്ടും. കുരുമുളക് പൊടി ഇട്ടിട്ടുണ്ടേ (എന്റെ വീട്ടില് എല്ലാര്ക്കും എരിവു ഇഷ്ടമാ. നിങ്ങടെ വീട്ടിൽ ഇഷ്ടമാണോ എന്നോർത്ത് വേണം തട്ടാൻ - പിന്നെ എന്നെ പറഞ്ഞാൽ ഞാൻ ഒരു Pontius Pilatus ആയി അങ്ങ് മാറും - ഈ രക്തത്തിൽ എനിക്ക് പങ്കില്ല 

തിളച്ച വെള്ളം ഒരു പാത്രത്തില അടുപ്ത്ത കരുതുക. (അല്ലെങ്കിൽ വാട്ടർ ഹീറ്റെർ ജാറിൽ)

ബട്ടർ salted ആണെങ്കിൽ ഉരുളകിഴങ്ങിനു ഉപ്പു കൂടാതെ നോക്കുക.

ബീഫ് കട്‌ലറ്റ്



ചേരുവകള്‍:-

1. ബീഫ് - 1കപ്പ്
കുരുമുളക്‌പൊടി - അര ടീസ്പൂണ്‍
ഗരം‌മസാല - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
2. എണ്ണ - 1 റ്റീസ്പൂണ്‍
3. സവാള - 1
പച്ചമുളക് - 3
ഇഞ്ചി - 1ടീസ്പൂണ്‍
വെളുത്തുള്ളി - 1ടീസ്പൂണ്‍
4. ഉരുളകിഴങ്ങ്(പുഴുങ്ങി പൊടിച്ചത്) -ഒന്ന് വലുത്
6. എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
8 കറിവേപ്പില - 1തണ്ട്
9. കോഴിമുട്ട(അടിച്ച് പതപ്പിച്ചത്) - 1
10. കോട്ടിംഗിന് ആവശ്യമായ റെസ്ക്ക്പൊടി

പാകം ചെയ്യുന്ന വിധം

ബീഫ് കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ 1 റ്റീസ്പൂണ്‍ എണ്ണയൊഴിച്ച്, ചെറുതായി അരിഞ്ഞ സവാള,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,കറിവേപ്പില എന്നിവ നന്നായി വഴറ്റുക. നന്നായി വഴന്ന് കഴിയുമ്പോള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ബീഫും അല്പം ഉപ്പും ചേര്‍ക്കുക.നന്നായി ഇളക്കി ഇറച്ചിയിലെ വെള്ളം ഇല്ലാതാകുമ്പോള്‍ വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തിട്ട് തീ അണക്കുക.

ഈ കൂട്ട് ചെറിയ ഉരുളകളാക്കി മുട്ടയില്‍ മുക്കി പിന്നെ റെസ്ക് പൊടിയിലും മുക്കി എണ്ണയില്‍ ഇട്ട് വറുത്തെടുക്കാം

ബീഫ് ഉലര്ത്തിയത്





ബീഫ് - 1 കിലോ ,
കുഞ്ഞുള്ളി - 1 കപ്പ്‌ ,
സവാള - 1,
ഇഞ്ചി - ഒരു വലിയ കഷണം 
വെളുത്തുള്ളി – 8,

പച്ചമുളക് - 4 
കാശ്മീരി മുളക്‌പൊടി - 1 tbsp ,

മല്ലിപ്പൊടി - 2 tbsp
മഞ്ഞള്പ്പൊടി – ½ tsp ,

ഗരം മസാല - 1 tspn
കുരുമുളക്പൊടി -1 ½ tbsp ,

പെരുഞ്ചീരകം - ½ tsp
തേങ്ങാക്കൊത്ത് -കാല്‍ കപ്പ്‌
കറിവേപ്പില , ഉപ്പ് ആവശ്യത്തിന്


ബീഫ് ചെറുതായി അരിഞ്ഞു കഴുകി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്ത്ത് വയ്ക്കുക.എന്നിട്ട് കുറച്ചു വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കുക. 
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും കറി വേപ്പിലയും താളിച്ച്‌ തെങ്ങാക്കൊത് നന്നായി വഴറ്റുക. സവാളയും ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്ത്ത് ഇളക്കുക .അടച്ചു വച്ച് വേവിയ്ക്കുക .വെന്തതിനു ശേഷം തീയ് അണയ്ക്കുക.ഇനി ഒരു പരന്ന പാനിലേക്ക് ഈ ബീഫ് കറി ഇടുക.തീയ് കുറച്ചു വയ്ക്കുക.ചാറു പറ്റി വരട്ടെ..എണ്ണ ഒഴിക്കരുത്.നന്നായി ഇളക്കി കൊടുക്കണം.ചാറു നന്നായി പറ്റുമ്പോള്‍ ഇത്തിരി വെളിച്ചെണ്ണ ഒഴിക്കുക,ഇളക്കി കൊടുക്കുക,എന്നിട്ട് ഒരു ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി വിതറിയിടുക.ആണ്.രണ്ടു കഷണം വെളുത്തുള്ളി ചതച്ചതും ഒരു തണ്ട് കറിപ്പിലയും കൂടി ചേര്‍ത്തു ഇളക്കുക.തോര്‍ത്തി തോര്തിയെടുക്കുക.തീയു കുറച്ചു വെച്ച് അല്പം ശ്രദ്ധയോടെ ചെയ്‌താല്‍ വെളിച്ചെണ്ണ കണ്ടമാനം ഉപയോഗിക്കേണ്ടി വരില്ല.
TIPS: 
നമ്മള്‍ പൊടിച്ചുണ്ടാക്കുന്ന ഗരം മസാല ചേര്‍ത്തോ (സമയം ഉണ്ടെങ്കില്‍).ഇല്ലെങ്കില്‍വാങ്ങുന്ന ഗരം മസാല മതി .
അല്പം തെങ്ങാക്കൊത് കൂടിയാലും നല്ലയാ...ബീഫ് ഉലര്‍ത്തിയത് ചുവപ്പ് നിറതെക്കാള്‍ ബ്രൌണ്‍ ആണ് നല്ല രുചി.അതിനു മുളകുപൊടി കുറച്ചു പച്ചമുളകും കുരുമുളകും കൂട്ടി ഉലര്‍ത്തുക.
മുളക് പൊടിയുടെ ഇരട്ടി ആണ് സാധാരണ മല്ലിപൊടി എടുക്കുന്നത്.അത് പലര്‍ക്കും അറിയില്ല.അത് തെറ്റിച്ചാല്‍ രുചി മാറി പോകും 
ഒരുപാട് അങ്ങ് വേവാതെ നോക്കണം,അല്ലെങ്കില്‍ പൊടിഞ്ഞു പോകും.
സാധരണ പോലെ ബീഫ് ഉലര്തുന്നതിലും ടേസ്റ്റ് കറി വെച്ചതിനു ശേഷം ചെയ്യുന്നതാണ്.കുക്കെറില്‍ വെച്ച് വേവിച്ചതിനു ശേഷം ഡ്രൈ റോസ്റ്റ് ചെയ്തിട്ടുണ്ട് ഞാന്‍, പക്ഷെ കറി വെച്ചതിനു ശേഷം ഉലര്‍ത്തുന്നത് ഒരു പടി മുന്നിലാണ് സ്വാദിന്റെ കാര്യത്തില്‍.....try and enjoy !!!!!!

ബീഫിനു (1 കിലോ / 1/2 കപ്പു വെള്ളം ) അഞ്ചു വിസില്‍ :

ബീഫ് അച്ചാര്‍

1. അധികം മൂപ്പെത്താത്ത പോത്തിറച്ചി ചെറുതായി കഷണിച്ചത് ഒരു കിലോ
കുരുമുളക് പൊടി- 2-3 സ്പൂണ്‍
മുളകുപൊടി – 2 സ്പൂണ്‍
മഞ്ഞള് പൊടി – കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് – കാല് കപ്പ്
വെളുത്തുള്ളി തൊലി കളഞ്ഞത് – അരകപ്പ്
പച്ചമുളക് നെടുകെ കീറിയത് – 5 – 6 എണ്ണം
വെളിച്ചെണ്ണ – 100 ഗ്രാം
3. വിനാഗിരി – ആവശ്യത്തിന്
4. മുളക് പൊടി – ആവശ്യത്തിന്
5. ഉപ്പ് – പാകത്തിന്
6. കറിവേപ്പില
പാചകം ചെയ്യുന്ന വിധം
ആദ്യം പോത്തിറച്ചി നന്നായി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്ത്തു അതില് കൂട്ട് ഒന്നില് കാണുന്ന പൊടികള് ചേര്ത്തു ഇളക്കി ചെറു തീയില് വെളിച്ചെണ്ണയില് വരുത്തു കോരണം., ഇറച്ചി ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
അതിനു ശേഷം ഒരു ചട്ടിയില് കൂട്ട് രണ്ടിലെ പോലെ 100 ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല് കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്ത്ത് ചെറു തീയില് നന്നായി മൂപ്പിക്കണം

മൂത്താല് ഉടന് അതിലേക്കു മൂന്നു മുതല് ആറുവരെ ഉള്ള സാധനങ്ങള് ചേര്ത്തു വരുത്തു കോരി വെച്ച ഇറച്ചിയും ചേര്ത്തു ചെറുതീയില് വേവിക്കണം. നല്ലത് പോലെ വെന്താല് വാങ്ങി വെച്ച് ആറാന്‍ അനുവദിക്കണം. ആറിയാല് അതിലേക്കു അല്പ്പം വിനാഗര് കൂടി ചേര്ത്തു വെള്ളത്തിന്റെ അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരണിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം.